ചില കഥകൾ വെറും പുസ്തക താളുകളിൽ മാത്രം വിടർന്നുനില്ക്കുന്നവയല്ല; അവ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി , നമ്മുടെ സ്വന്തം ഭൂതകാലത്തോട് ചേര്‍ന്നുപോകുംവിധം നമ്മുടെ ഓർമകളെ തൊട്ടുണർത്തുന്നവയാണ്. അയാളുടെ വിരമിക്കൽ ചടങ്ങിൽ കൈമാറിയ നോവൽ അത്തരത്തിലൊന്നാണ്—അത് വെറുമൊരു മഷിപുരണ്ട അക്ഷരങ്ങളുള്ള പുസ്തകത്താൾ ആയിരുന്നില്ല ; മറിച്ച്, മറന്നുപോയ ഒരു കാലഘട്ടത്തിലേക്കുള്ള പാലമാണ്, ആത്മാവിനെ ഉണർത്തുന്ന ഓർമകളുടെ മധുരഗാനം.
പേജുകൾ മറിക്കുമ്പോൾ, ഓർമകളുടെ ഭാരം ഒരു മഞ്ഞുമൂടൽ പോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു കോളേജ് വിദ്യാർത്ഥിനി, ക്യാമ്പസിലെ മനോഹരമായ പൂക്കളെ സ്നേഹിച്ചതുപോലെയൊരു കഥ. അടർന്നു വീണു കിടന്നിരുന്ന ലാങ്കിപ്പൂക്കളിൽ ചിലതിനെ എന്നും പെറുക്കിയെടുക്കുന്ന അവളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ആരോ ഉണ്ടായിരുന്നു— അങ്ങനെയൊരു ദിവസം, മുരളി തനിക്ക് അവളോടുള്ള ഇഷ്ടം ഒരു കത്തിലൂടെ അവളെ അറിയിക്കുന്നു
പ്രണയത്തിലാകുക, ആ പ്രണയം തുറന്നു പറയുക , എല്ലാം മറന്നു പ്രണയിക്കുക . അന്നോളം ശരിയെന്നു നെഞ്ചേറ്റിയ പലതും അങ്ങനെയായിരുന്നില്ലെന്ന് തിരിച്ചറിവിലൂടെ അദൃശ്യമായൊരു ശക്തിയും ധൈര്യവും അല്പം എടുത്തുചാട്ടവും നിറഞ്ഞ ഒന്നായിത്തീർന്നു അവൾക്ക് ആ പ്രണയകാലം .
വർത്തമാനകാലത്തിനും ഭൂതകാലത്തിനും ഇടയിലൂടെ സ്വാഭാവികമായി നീങ്ങുന്ന ഈ കഥ, അയാളുടെ സ്വന്തം ജീവിതവും, വിരമിക്കൽ ദിവസവും തമ്മിൽ ഇടകലർത്തി കൊണ്ടുപോകുന്നു . ഉറക്കമില്ലാത്ത രാത്രിയിൽ താളുകൾ മറിച്ചപ്പോൾ, അയാൾ അക്ഷരങ്ങളുടെ ഇടയിലൂടെ സ്വന്തമായി ചില മറുപടികൾ തേടുന്നവനെപ്പോലെയായി. നോവലിലെ യുവാവായ മുരളി—അവന്റെ നിശബ്ദമായ സ്നേഹത്തിന്റെ ഭാരമേറ്റ ഒരു കത്ത് അയച്ചയാള്‍—ഒരു ദുരൂഹത നിറഞ്ഞ ചോദ്യം വായനക്കാരന്റെ ഹൃദയത്തിൽ വിടുകയാണ്: ഇതൊരു കഥ മാത്രമാണോ, അല്ലെങ്കിൽ അവന്റെ സ്വന്തം ജീവിതത്തിലെ മറന്നുപോയ ഒരു അധ്യായം തന്നെയോ?
അവൾ പെറുക്കിയ കൊഴിഞ്ഞ പൂക്കളെപ്പോലെ, ഓർമ്മകളും കാലത്തിന്റെ ഇടനാഴികളിൽ ചിതറിക്കിടക്കുന്നു, പെറുക്കിയെടുക്കാനും പരിപാലിക്കാനും മനസ്സിലാക്കാനും കാത്തിരിക്കുന്നു. ഓഫീസിലെ ആ മലയാളി പെൺകുട്ടി സമ്മാനിച്ച ഒരു പുസ്തകം വെറുമൊരു പുസ്തകം എന്നതിലുപരി അത്അയാളുടെ ഭൂതകാലത്തിലേക്കുള്ള തുറക്കാത്ത വാതിലാണ്, ഓർക്കാനുള്ള ക്ഷണമാണ്, ഒരുപക്ഷേ, വീണ്ടും കണ്ടെത്താനുള്ള അവസരമാണ്.
പ്രണയത്തിനും വിരഹത്തിനും മൗനത്തിനുമിടയിൽ നിഴലിക്കുന്ന അസ്വസ്ഥതയിൽ തിരിച്ചറിയാൻ കഴിയാതെ പോകുന്ന, പറയുവാൻ വൈകി പോകുന്ന ഒരു സത്യം ഉണ്ടാകാം പടിയിറങ്ങിപ്പോയ പ്രണയനിമിഷങ്ങൾക്ക് ഒടുവിൽ , കാലങ്ങൾക്ക് ശേഷം ഒരു മടങ്ങിപ്പോക്ക് എന്നത് തീർത്തും അപ്രതീക്ഷിതമായി മാത്രം സംഭവിക്കുന്നതും ആകാം
പറയുവാൻ ബാക്കിവച്ച വാക്കുകൾക്ക് കാതോർത്തു കാത്തിരിക്കുന്നൊരു ഹൃദയമുണ്ടെന്ന തിരിച്ചറിവ് വൈകി വന്ന വേനൽ മഴപോലെ ഉള്ളൊന്നു തണുപ്പിച്ചെങ്കിലും മറുവശത്തു തെല്ലൊരു വേദനയുടെ കനം അനുഭവിക്കേണ്ടി വന്നു
ഇത്ര കാലവും ജീവിച്ച ഒളിവു ജീവിതത്തിൽ നിന്നും , ഔദ്യോഗിക ജീവിതത്തിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ വെമ്പിയ അയാൾക്ക് ഭൂതകാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല
ഒരു യാത്ര പോലും പറയാതെ ഇറങ്ങിപ്പോന്ന വേളയിൽ പറയാതിരുന്നത് , വൈകിയെങ്കിലും പറയുവാൻ ഒരുങ്ങവെ തിരിച്ചറിയുന്നുണ്ട് കുറച്ചൊന്നുമല്ല ഏറെ,...ഏറെ വൈകിപ്പോയി എന്ന്
സിനിമക്ക് ഉള്ളിലെ സിനിമ പോലെ ഒരു പുസ്തകത്തിനുള്ളിലെ മറ്റൊരു പുസ്തകത്തിന്റെ കഥ .... ലാങ്കി
Comments
Post a Comment