ജക്കരന്ത- Mobin Mohan
ആൽപ്സ് താഴ്വരയിലെ കർണോവിയ എന്ന ചെറുപട്ടണം. അതിന്റെ ഭംഗി കൂട്ടുന്ന പൂത്തുലഞ്ഞ ജക്കരന്ത മരങ്ങളും. കാത്തിരിപ്പാണ് പ്രണയത്തെ ഏറെ മനോഹരമാക്കുന്നതെന്നു അടിവരയിട്ട് ഉറപ്പിക്കുന്നപോലെ, പതിവുതെറ്റിക്കാതെ കുർബാന കഴിഞ്ഞു പ്രിയപ്പെട്ടവനായി കാത്തിരിക്കുന്ന അമേലിയ, എല്ലാ കാമുകന്മാരേയും ാ കാത്തിരിക്കാൻ ഒരല്പനേരം അധികം നൽകി എത്തി ചേരുന്ന സാൽവദോർ, മുഖം തുടുപ്പിച്ചും പരിഭവപ്പെട്ടും തുടങ്ങുന്ന അമേലിയ, അവനോടുള്ള സ്നേഹത്താൽ, അവനു തന്നോടുള്ള സ്നേഹത്താൽ എല്ലാം മറന്നു കൈകോർത്തിരിക്കുമ്പോൾ അവരുടെ പ്രണയത്തെ അനുഗ്രഹവർഷം കൊണ്ട് പുതക്കുന്ന ജക്കരന്ത പൂക്കൾ
പ്രണയത്തിനും പരിഭവങ്ങൾക്കും ഒരുവേള കൊടുത്ത വാക്കിനെപ്പോലും മാറ്റിവച്ചു സൗഹൃദത്തിനും, മനുഷ്യബന്ധങ്ങൾക്കും മൂല്യം നൽകുന്ന മനസ്സുകളെ കോറിയിടുന്ന ഹൃദയം തൊടുന്ന നിമിഷങ്ങൾ
അനാഥത്വത്തിന്റെ നിഴലിൽ നിന്നും പുറത്തുകടന്നു തനിക്ക് ഏറെ പ്രിയപ്പെട്ട ഇസബെല്ലയെ സ്വന്തമാക്കാൻ അന്നോളം പ്രിയപ്പെട്ട മറ്റെല്ലാത്തിനേയും ഉപേക്ഷിച്ചു അവളുമായി മടങ്ങി വരാമെന്നു വാക്ക് നൽകി യാത്ര പറഞ്ഞു ശത്രുരാജ്യമായ അയൽരാജ്യത്തേക്ക് പോകുന്ന അഗസ്റ്റിനോ, ഉറ്റചങ്ങാതി ഇനിയും മടങ്ങി വരാത്തതിനാൽ അസ്വസ്ഥമാകുന്ന സാൽവദോറിന്റെ മനസ്സ്
ഒരിക്കലും താൻ പോകില്ലെന്ന് സാൽവദോർ വാക്കുകൊടുത്ത അയൽരാജ്യത്തേക്കു പോകുവാൻ തന്റെ പ്രിയപ്പെട്ടവന്; വിശ്വാസവഞ്ചനയോ വാഗ്ദാനലംഘനമോ ആരോപിക്കാതെ പൂർണ്ണസമ്മതം നൽകി യാത്രയാക്കുന്ന അമേലിയ. ആത്മമിത്രം അഗസ്റ്റിനോ കടന്നുപോയ അതെ വഴിയിൽ അവനെയും തേടി യാത്ര തുടങ്ങുന്ന സാൽവദോർ.
കർണോവിയക്കാരെ ശത്രുക്കളായി മാത്രം കാണുന്ന ആ അയൽരാജ്യത്തു സാൽവദോറിനു തുണയായി വന്നു ഗുസ്താവ് . അവനുപോലും തിരിച്ചറിയാൻ ഒരു അവസരം കിട്ടാതെ പോകുന്ന അവന്റെ ജനന രഹസ്യം. മായകാഴ്ചപോലെ കടന്നുവന്നു പ്രണയമാണോ വാത്സല്യമാണോ എന്ന് ഇഴകീറി പരിശോധിക്കാൻ കഴിയാത്തവണ്ണം മാഞ്ഞുപോകുന്ന സിസിലി, അവളുടെ നിഗൂഢമായ ബംഗ്ലാവും.
സാഹസങ്ങൾക്കും ധനത്തിനും മുകളിൽ വട്ടമിട്ടു പറക്കുന്ന വിധി , അവനെ കാത്തിരുന്ന അപ്രിയ സത്യവും, അവൻ അറിയാതെ പോകുന്ന അവന്റെ മാത്രം ജന്മരഹസ്യവും . വേർപാട് പിന്നെയും തുടരുകയാണ്, റൈൻ നദി പോലെ ഒഴുകുകയാണ് . വിധി സമ്മാനിച്ച നൊമ്പരങ്ങൾക്കൊടുവിൽ തന്നെ അക്കരേക്ക് കൊണ്ടുപോയ അതേ കടത്തുതോണിയിൽ നാട്ടിൽ തിരിച്ചെത്തുന്ന സാൽവദോറിനെയും കാത്തു , വരാമെന്നു പറഞ്ഞ ദിവസങ്ങൾ കുറെ കഴിഞ്ഞെങ്കിലും ആ ജേക്കരന്ത മരച്ചുവട്ടിൽ അവൾക്കേറെ പ്രിയപ്പെട്ടവനെ നിനച്ചു അമേലിയ ഇരിപ്പുണ്ടായിരുന്നു , അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടു ആ വയലറ്റ് പൂക്കളും
Comments
Post a Comment